റോഡുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടം ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്


തിരൂരങ്ങാടി: റോഡുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത്.
വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
പരാതി വ്യാപകമായതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ജില്ല ആർടിഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് എം.വി.ഐ. ഡാനിയൽ ബേബി, എ.എം.വി.ഐ.എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി. മുൻപ് ദേശീയപാതയിൽ നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണവും നടത്തി.