സ്‌കൂള്‍ കലോത്സവ ത്തിനിടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, യുവാവ് അറസ്റ്റില്‍


മലപ്പുറം പൊന്നാനിയില്‍ സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവത്തിനിടെ മുഖം കഴുകാന്‍ കുളിമുറിയില്‍ എത്തിയ പെണ്‍കുട്ടിയെ ഒളിച്ചിരിക്കുകയായിരുന്ന യുവാവ് കടന്നു പിടിച്ചു. പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലമായി തടഞ്ഞുവച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി. ഇതിനിടെ പ്രതിയില്‍ നിന്ന് കുതറിമാറിയ പെണ്‍കുട്ടി രക്ഷപ്പെട്ട് പുറത്തേക്ക് ഓടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് പ്രതി അയച്ചു നല്‍കിയിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പ് യാത്രക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.