മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു


മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗമുക്തനായ അദ്ദേഹത്തെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു.
കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു. പ്രഫഷണല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മൃതദേഹം രാവിലെ 10 മണി മുതല്‍ പള്ളിമുക്ക് യൂനുസ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് നാല് മണിക്ക് കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ ഖബറടക്കും. ഭാര്യ: ദാരീഫ ബീവി. നാല് ആണ്‍മക്കളും, മൂന്ന് പെണ്‍മക്കളുമുണ്ട്.