NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിച്ച് മതപരരമായ ചടങ്ങുകള്‍ നടത്താമെന്നും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ്  സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മൃതദേഹത്തിന്റെ മുഖം സംസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ജീവനക്കാരന്‍ ബന്ധുക്കളെ കാണിക്കണം. മൃതദേഹത്തെ കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല. മൃതദേഹത്തിന്റെ അടുത്ത് നിന്ന് കാണരുത്. സംസ്‌കാര സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കാതെ നിശ്ചിത അകലത്തില്‍ നിന്ന് മത ഗ്രന്ഥങ്ങള്‍ വായിക്കുകയോ മന്ത്രങ്ങള്‍ ഉരുവിടുകയോ ചെയ്യാം.

അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും മറ്റു അസുഖങ്ങളുള്ളവരും മൃതദേഹത്തിന് സമീപം വരാന്‍ പാടില്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 

മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കും.

കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.

ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്

Leave a Reply

Your email address will not be published.