രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ പ്രഖ്യാപിക്കരുത്: സമസ്ത മുശാവറ


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സമസ്തക്കുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു.
കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ ആരും പ്രഖ്യാപിക്കരുതെന്നും സമൂഹ മാധ്യമങ്ങളിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍ ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. വഖഫ് വിഷയത്തിത്തിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന ജിഫ്രി തങ്ങളുടെ പരാമർശമത്തിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം. ജിഫ്രി തങ്ങളുടെ പേര് പരാമർശിക്കാതെയാണ് വിഷയം യോഗത്തിൽ ചർച്ചയ്ക്കു വന്നത്.
വഖഫ് വിഷയത്തിൽ സർക്കാർ തീരുമാനത്തിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കാനും യോഗത്തിൽ ധാരണയായി. സമസ്തയും ലീഗും ഒന്നാണെന്ന വിലയിരുത്തൽ നടത്തരുത്. അതേസമയം, ലീഗുമായുള്ള പാരമ്പര്യബന്ധം തുടരും. വഖഫ് വിഷയത്തിന് ശേഷം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
സമസ്ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് സമസ്തയുടെ പണ്ഡിത സഭയായ മുശാവറ ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായ യോഗത്തില്‍ 26 പേര്‍ പങ്കെടുത്തിരുന്നു.