NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗതാഗതക്കുരുക്കിലമര്‍ന്ന് ചെമ്മാട് ടൗൺ; തിരൂരങ്ങാടി പൊലീസില്‍ ഹോംഗാര്‍ഡിന് തപാല്‍ ചുമതല മുതല്‍ ലോ ഇന്‍ ഓര്‍ഡര്‍ വരെ

തിരൂരങ്ങാടി: അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും തിരൂരങ്ങാടി പൊലീസില്‍ ഹോംഗാര്‍ഡിന് തപാല്‍ ചുമതല മുതല്‍ ലോ ഇന്‍ ഓര്‍ഡര്‍ വരെയാണ് നല്‍കിയിട്ടുള്ളത്.  തപാല്‍ ചുമതല, വി.ഐ.പി ഡ്യൂട്ടി, ലൊഇന്‍ ഓര്‍ഡര്‍ എന്നിവ ഹോംഗാര്‍ഡുകള്‍ക്കാണ് നല്കിയിട്ടുള്ളതെന്നാണ് വിവരം.

തിരൂരങ്ങാടി സ്റ്റേഷനില്‍ ഇപ്പോള്‍ എട്ട് ഹോംഗാര്‍ഡാണുള്ളത്. അതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ട്രാഫിക് ഡ്യൂട്ടി നല്‍കാറൊള്ളൂ. മറ്റുള്ളവരില്‍ ഒരാള്‍ അസുഖം കാരണം കുറെ നാളായി അവധിയിലാണ്. മറ്റു രണ്ട്് പേര്‍ക്കും ദീര്‍ഘകാലമായി തപാല്‍ ചുമതലയാണ് നല്‍കി വരുന്നത്. ചെമ്മാട്, തിരൂരങ്ങാടി, വെന്നിയൂര്‍, മൂന്നിയൂര്‍ ആലിന്‍ ചുവട്, താഴെ ചേളാരി പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. തിരൂരങ്ങാടിയില്‍ റോഡ് നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി. സ്‌കൂള്‍ വിടുന്ന സമയങ്ങളിലും രാവിലെയും വൈകീട്ടും വലിയ രൂപത്തിലാണ് ഈ പ്രദേശങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടാറ്.

രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും 11 മണി മുതല്‍ രണ്ട് വരെയും രണ്ട് മുതല്‍ അഞ്ച് വരെയും എന്നിങ്ങനെ മൂന്ന് മണിക്കൂര്‍ വിതം അഞ്ച് പേരെ മാറ്റി മാറ്റിയാണ് ഡ്യൂട്ടി നല്‍കാറ്. ഏറെ കാലമായി പ്രേമന്‍ എന്ന ഹോംഗാര്‍ഡിന് തപാല്‍ ഡ്യൂട്ടിയാണ് നല്‍കാറ്. നാരയണന്‍ എന്ന് പേരുള്ള ഹോംഗാര്‍ഡിനും തപാല്‍ ഡ്യൂട്ടി നല്‍കി വരുന്നുണ്ട്. ഒരേ ദിവസം തന്നെ ഇവര്‍ക്ക് രണ്ട് പേര്‍ക്കും തപാല്‍ ഡ്യൂട്ടി നല്‍കിയതായും രേഖകളിലുണ്ട്. ലോ ഇന്‍ ഓര്‍ഡര്‍ ഡ്യൂട്ടിയിലും ട്രാഫിക്കിനെ നിയമിച്ചതായി പുറത്ത് വിട്ട രേഖകളിലുണ്ട്. ട്രഷറിയിൽ പണമടക്കാനും അതിഥി തൊഴിലാളികളെ അവരുടെ ഭാഷയിൽ ചോദ്യം ചെയ്യാനും വരെ ഹോം ഗാർഡുമാരെ നിയോഗിക്കുന്നുണ്ടെന്നാണ് വിവരം.

ട്രാഫിക് ബ്ലോക്കുകളില്‍ ജനം വലയുമ്പോള്‍ അതിന് വേണ്ടി നിയോഗിച്ചവരെ മറ്റു ജോലികള്‍ ഏല്‍പ്പിച്ച് പോലീസുകാര്‍ വിശ്രമിക്കുകയാണെന്നും ഹോംഗാര്‍ഡിനെ വീട്ടുജോലിക്കും മറ്റു പേഴ്‌സണല്‍ ആവശ്യത്തിനുവരെ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആരോപിച്ചു. തിരൂരങ്ങാടി പൊലീസിന്റെ അനാസ്തക്കെതിരെ യൂത്ത്‌ലീഗ് ജനുവരി പത്തിന് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

തൊണ്ടി മണല്‍ കൊള്ളക്കും നിര്‍ബന്ധിത പണപ്പിരിവിനുമെതിരെയാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് തിരൂരങ്ങാടി പൊലീസിനെ സംബന്ധിച്ച് പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *