കൗതുകമായി കുഞ്ഞൻ കോഴിമുട്ടകൾ…


തിരൂരങ്ങാടി: മുന്തിരി വലിപ്പത്തിലുള്ള കുഞ്ഞൻ കോഴിമുട്ടകൾ കൗതുകമാവുന്നു. എ.ആർ നഗർ പഞ്ചായത്തിലെ പുകയൂർ അങ്ങാടിയിൽ താമസിക്കുന്ന പുതിയപറമ്പൻ വീട്ടിൽ സമദിന്റെ വീട്ടിലെ കോഴിയാണ് കുഞ്ഞൻമുട്ടയിടുന്നത്.
വീട്ടാവശ്യത്തിന് വളർത്തുന്ന അഞ്ച് കോഴികളിൽ ഒരു കോഴിയാണ് ഇപ്പോൾ ഈ രീതിയിൽ കുഞ്ഞൻ മുട്ടയിടുന്നത്. 5 വർഷത്തോളമായി സമദ് ഈ നാടൻ കോഴികളെ വീട്ടിൽ വളർത്തുന്നുണ്ട്.
എല്ലാ പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടയാണ് ലഭിക്കാറ്. മറ്റുകോഴികളിൽ നിന്നും സാധാരണ വലിപ്പമുള്ള മുട്ടയാണ് ലഭിക്കുന്നത്. എന്നാൽ ഇപ്രാവശ്യമാണ് ഒരു കോഴിയിട്ടത് മുന്തിരിയോളം വലിപ്പമുള്ള കോഴിമുട്ടകൾ.
ഇത് വീട്ടുകാർക്കും ഏറെ കൗതുകമായി. ചെറിയ വലുപ്പത്തിലുള്ള ഒമ്പത് മുട്ടകൾ ഇട്ടെങ്കിലും നാല് മുട്ടകൾ കാക്കകൾ നശിപ്പിച്ചു. ബാക്കി വീട്ടുകാർ സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. കോഴികൾക്ക് വീട്ടിലെ സാധാരണ ഭക്ഷണമാണ് നൽകുന്നതെന്നും വലിപ്പക്കുറവിന്റെ കാരണമറിയില്ലെന്നും സമദ് പുകയൂർ പറഞ്ഞു.
കിട്ടിയ കുഞ്ഞൻ മുട്ടകൾ കാണാൻ നിരവധി ആളുകളാണ് സമദിന്റെ വീട്ടിലെത്തുന്നത്. സോഷ്യൽമീഡിയകളിലും കുഞ്ഞൻ കോഴിമുട്ടകൾ വൈറലായിട്ടുണ്ട്.