കെ. റെയിൽ പദ്ധതി പൂർത്തിയാക്കും; ഏതു പരിഷ്കാരം വന്നാലും ചിലർ വിമർശിക്കുമെന്ന് മുഖ്യമന്ത്രി


കെ. റെയിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു പുതിയ പരിഷ്കാരം വന്നാലും ചിലര്‍ എതിര്‍ക്കുമെന്നും എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.
എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രിയുടെ വിമർശകർക്കെതിരെ തുറന്നടിച്ചത്. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ മനസ്സിലാക്കും. എതിര്‍ക്കുന്നവര്‍ക്കു പോലും പിന്നീട് പദ്ധതികളുടെ ഗുണഫലം കിട്ടുന്നുണ്ടെന്നും അവര്‍ പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതു പുതിയ പരിഷ്‌കാരം വരുമ്പോഴും ചിലർ അതിനെ അതിനെ എതിർക്കും. അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കുക, എതിർപ്പിന്റെ വശങ്ങളാണ് എന്ന് കൃത്യമായി മനസ്സിലാക്കുക. അങ്ങനെ മുമ്പോട്ടു പോകാൻ തയ്യാറായാൽ ഇത്തരം എതിർപ്പുകളെയെല്ലാം നേരിടാൻ കഴിയും എന്നതാണ് കഴിഞ്ഞ സർക്കാരിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.