NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെരുവു നായ്ക്കളുടെ വന്ധ്യംകരണം, കുടുംബശ്രീ യൂണിറ്റുകളെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

തെരുവുനായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവ്. വന്ധ്യംകരണത്തെ കുറിച്ച് വ്യക്തമായി അറിയാത്തവര്‍ അത് ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചുണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അടിമലത്തുറയില്‍ ബ്രൂണോയെന്ന വളര്‍ത്തു നായയെ കൊന്ന് കടലില്‍ എറിഞ്ഞ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ആയിരുന്നു പരാമര്‍ശം.

തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാന്‍ അതില്‍ വൈദഗ്ധ്യം ഉള്ളവര്‍ തന്നെ വേണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. അല്ലെങ്കില്‍ അത് മൃഗങ്ങള്‍ക്ക് അപകടകരമാണ്. അതിനാല്‍ കുടുംബശ്രീ യൂണിറ്റുകളെ മാറ്റി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നായിരുന്നു കോടതി അറിയിച്ചത്. പക്ഷെ പല ജില്ലകളിലും കുടുംബശ്രീ യൂണിറ്റുകള്‍ തന്നെ ഇപ്പോഴും ഇതു ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എതിര്‍കക്ഷികളില്‍ ഒരാളായ മൂവാറ്റുപുഴ ദയ സംഘടനയാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെയാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നാണ് തെരുവുനായ വന്ധ്യംകരണ പദ്ധതി കുടുംബശ്രീ ഏറ്റെടുത്തത്. പുതിയ ഹൈക്കോടതി നിര്‍ദ്ദേശം വന്നതോടെ കാര്‍ഷിക, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറിയോട് ഒരാഴ്ചക്കകം ഉത്തരവിടാന്‍ കോടതി ആവശ്യപ്പെട്ടു. തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്തതുമായി ബന്ധപ്പെട്ട് ദയ സംഘടനയ്ക്ക് കിട്ടാനുള്ള 85,000 രൂപ കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.