ഷാർജയിൽ നിന്ന് കരിപ്പൂരിൽ വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്


മലപ്പുറം : ജില്ലയിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മംഗളൂരു സ്വദേശിയായ 36 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഷാർജയിൽ നിന്നുമാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ നടത്തിയ റാപ്പിഡ് ആർടിപിസിആർ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് ശേഷം മംഗളൂരു സ്വദേശിയുടെ യാത്രാ രേഖകൾ പരിശോധിച്ചതിൽ നിന്നും ടാൻസാനിയ സന്ദർശിച്ചതായി വ്യക്തമായി. തുടന്ന് സാമ്പിൾ ജനിതക പരിശോധനയ്‌ക്കായി അയക്കുകയായിരുന്നു. ഈ മാസം 14 നായിരുന്നു ഇയാൾ കരിപ്പൂരിൽ എത്തിയത്.
രോഗം സ്ഥിരീകരിച്ചയാൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നിലവിൽ മംഗളൂരു സ്വദേശിയുൾപ്പെടെ എട്ട് പേരാണ് ഒമിക്രോൺ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ കൂടുതൽ പേരും എറണാകുളത്താണ്.
അതേസമയം ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ യോഗം ചേരും. കൂടുതൽ സമ്പർക്ക പട്ടികയില്ലാത്തത് ആശ്വാസകരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.