NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒമിക്രോണ്‍ : കരിപ്പൂര്‍ വിമാനത്താ വളത്തില്‍ കര്‍ശന പരിശോധന; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

കര്‍ണാടകയില്‍ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ സജ്ജീകരണങ്ങളായതായി ഡി.എം.ഒ വ്യക്തമാക്കി. നിലവില്‍ ദിനം പ്രതി ശരാശരി 10 മുതല്‍ 15 പേര്‍ വരെയാണ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. ഇവരെ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

 

ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രമേ വിമാനത്താവളത്തില്‍ നിന്നും ഇവരെ പുറത്തുവിടൂ. ഇത്തരത്തില്‍ വീടുകളിലേക്ക് പോകുന്നവര്‍ ഏഴ്  ദിവസം വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ ഇരിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പ്രാദേശികമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ എട്ടാം ദിവസം  ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും പരിശോധ ഫലം നെഗറ്റീവാണെങ്കില്‍ തുടര്‍ന്നുള്ള ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. ലക്ഷണങ്ങളുണ്ടെങ്കില്‍  തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെങ്കില്‍ അവരെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന്  അയക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ നിരീക്ഷണത്തിന്റെ ഭാഗമായി പരിശോധിക്കും. ഇതില്‍ പോസിറ്റീവ് ഫലം ലഭിക്കുന്നവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണ പഠനത്തിന് അയക്കും. ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും അലംഭാവം കാണിക്കരുതെന്ന് ഡി.എം.ഒ അറിയിച്ചു.

ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയാം വിധം ധരിക്കുക,കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസറോ,സോപ്പും വെള്ളവും ഉപയോഗിച്ചോ ശുചിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. ഇതര രോഗങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍,കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കോവിഡ് വാക്സിനേഷന്‍ എടുക്കുന്നതിലും അനാസ്ഥ പാടില്ല. ഒന്നാം ഡോസ് എടുക്കാന്‍ ബാക്കി ഉള്ളവരും, രണ്ടാം ഡോസിന് സമയമായവരും തൊട്ടടുത്ത ദിവസം തന്നെ വാക്സിന്‍ എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.