NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു, ജാഗ്രതാനിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഏഴ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു. 2944.47 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ തുടരുകയാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വൈകിട്ട് നാലു മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ രാത്രി ഉയര്‍ത്തിയ ഷട്ടറുകള്‍ ഇന്ന് രാവിലെ അടച്ചിരുന്നു.

നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. കൃത്യമായ അറിയിപ്പില്ലാതെ രാത്രി ഷട്ടര്‍ തുറക്കരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം തമിഴ്നാട് പരിഗണിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *