ചെമ്മാട് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിന് ശിലയിട്ടു ; നിര്‍മ്മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
1 min read
ചെമ്മാട് ടൗണില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപന കര്‍മ്മം പി.കെ അബ്ദുറബ്ബ് എം.എൽ.എ.നിര്‍വ്വഹിക്കുന്നു.

തിരൂരങ്ങാടി: നഗരസഭക്ക് കീഴില്‍ ചെമ്മാട് ടൗണില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപന കര്‍മ്മം പി.കെ അബ്ദുറബ്ബ് എം.എൽ.എ.നിര്‍വ്വഹിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിടമാണ് നഗരസഭ നിര്‍മ്മിക്കുന്നത്. ആറ് കോടി രൂപ ചെലവില്‍ നിർമിക്കുന്ന കെട്ടിടം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കെട്ടിടനിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായി ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് 2020-2021 വര്‍ഷത്തെ പദ്ധതിയില്‍ നടക്കുക. അഞ്ച് കോടി രൂപയുടെ പ്രവൃത്തി 2021-2022 വര്‍ഷത്തെ പദ്ധതിയിലും നടപ്പിലാക്കും.

കേരള സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോക്കാണ് നിര്‍മ്മാണ ചുമതല. ആദ്യഘട്ട പ്രവൃത്തി ഒമ്പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനാണ് കരാര്‍.

ചടങ്ങിൽ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി, അഡ്വ.പി.എം.എ സലാം, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഹബീബ, വി.വി അബു, റംല കക്കടവത്ത്, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍ സംബന്ധിച്ചു.