മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി; മുന്‍ എം.എസ്.എഫ് സംസ്ഥാന ഭാരവാഹിക്ക് പരിക്ക്


വയനാട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി. ഹരിത വിഷയത്തില്‍ മുന്‍ സംസ്ഥാന ഭാരവാഹിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.പി. ഷൈജലിനാണ് ഇന്ന് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എം.എസ്.എഫ് ഹരിത വിഷയത്തിന് ശേഷം ജില്ലാ സെക്രട്ടറി യഹ്യാ ഖാന്‍ നിരന്തരമായി ഉപദ്രവിച്ചതായും ഇന്ന് നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയത് യഹ്യാ ഖാനും കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഹംസയുമാണെന്നും ഷൈജല്‍ പറഞ്ഞു.
ഇരുവരും ചേര്‍ന്ന് നെഞ്ചില്‍ ചവിട്ടിയെന്നും തലക്കടിച്ചുവെന്നും ഷൈജല്‍ പറഞ്ഞു. ഷൈജലിനെ കൂടാതെ യഹ്യാ ഖാനും ഹംസയ്ക്കും മര്‍ദ്ദനമേറ്റു. എന്നാല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് യഹ്യ പ്രതികരിച്ചത്. ഹരിത വിവാദത്തില്‍ നേതൃത്വത്തോട് ഇടഞ്ഞ് നിന്നിരുന്ന ഷൈജലിനെതിരെ സെപ്റ്റംബറില്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഷൈജലിനെ എം.എസ്.എഫിന്റെയും ലീഗിന്റെയും ഭാരവാഹി സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.
ഹരിതയുടെ പരാതി പി.എം.എ സലാം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നുവെന്ന് ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയ എട്ട് എം.എസ്.എഫ് നേതാക്കളിലൊരാളായിരുന്നു ഷൈജല്‍. ഇതിന് പിന്നാലെയാണ് ഷൈജലിനെതിരെ സംഘടനാ നടപടിയുമായി ലീഗ് നേതൃത്വം മുന്നോട്ട് പോയത്.