തിരൂരങ്ങാടി ഗവ: ഹൈസ്‌കൂള്‍ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്… ശിലാസ്ഥാപനം ശനിയാഴ്ച്ച മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വ്വഹിക്കും


തിരൂരങ്ങാടി: ഒരുകാലത്ത് അഖിലേന്ത്യേ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളുടെ പ്രധാന കളിക്കളമായിരുന്ന തിരൂരങ്ങാടി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപന കര്‍മ്മം ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കെ.പി.എ മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വ്വഹിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചന്തപ്പടിയില്‍ നിന്നും ഘോഷയാത്രയോടെയാകും മന്ത്രിയെ വരവേല്‍ക്കുക. മുന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന പി.കെ അബ്ദുറബ്ബിന്റെ നിരന്തര ശ്രമത്തെ തുടര്‍ന്ന് കിഫ്ബിയില്‍ അനുവദിച്ച 2.02 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് നാളെ തുടക്കമാവുന്നത്. മാളിയേക്കല്‍ ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മികച്ച സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്കോട് കൂടിയ അത്‌ലറ്റിക്‌സ് പ്രാക്ടീസ് ഏരിയ, ലോങ് ജംപ് ബീറ്റ്, ട്രിപ്പിള്‍ ജംപ് ബീറ്റ്, സ്റ്റേജ്, ഗാലറി, വെള്ളം ഒഴുകിപ്പോകുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ എന്നിവ സ്റ്റേഡിയത്തിലുണ്ട്. സ്‌റ്റേഡിയത്തിന് 1.60 ഏക്കര്‍ ഭൂമിയാണുള്ളത്.
1958-ല്‍ ആരംഭിച്ച സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലടക്കം നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മലപ്പുറത്തിന്റെ കായിക ആവേശമായ സെവന്‍സ് ഫുട്‌ബോളിന്റെ പ്രധാന ഗ്രൗണ്ടുകളിലൊന്നായിരുന്നു ഇത്. 23 വര്‍ഷത്തോളം സമദ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നത് ഈ ഗ്രൗണ്ടിലാണ്. ഇത് നവീകരിക്കുക എന്ന ലക്ഷ്യത്തോടെ പി.കെ അബ്ദറബ്ബ് എം.എല്‍എ വിദ്യഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളിലെ കായിക അധ്യാപകന്‍ ഫാറൂഖ് പത്തൂര്‍ പ്രൊജക്ട് തെയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു.
നേരത്തെ ഇതിനു പുറമെ ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് ഏരിയ, ഷട്ടില്‍, ബാഡ്മിന്റന്‍, വോളിബോള്‍, ഓപ്പണ്‍ ജിം ഉള്‍പ്പെടെ മള്‍ട്ടിപ്പിള്‍ സ്റ്റേഡിയമായിരുന്നു നിര്‍ദ്ധേശിക്കപ്പെട്ടത്. ഫണ്ട് കുറച്ചതോടെ ഇവ നീക്കം ചെയ്യുകയായിരുന്നു. പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളതെന്നും ഏറെക്കാലത്തെ കായിക സ്വപ്നമാണ് പൂവണിയുന്നതും അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന് പുറമെ പി.ടി.എ പ്രസിഡന്റ് പി.എം അബ്ദുല്‍ ഹഖ്, എന്‍.എം അലി, എം.പി ഇസ്മായീല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ടി ദിനേഷ് കുമാര്‍ പങ്കെടുത്തു.