NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആശുപത്രികളിൽ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട, വീട്ടിലിരുന്ന് ഒ പി ടിക്കറ്റെടുക്കാം

1 min read

 

 

https://ehealth.kerala.gov.in വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരും.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലെയുള്ള റെഫറല്‍ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാന്‍ റെഫറന്‍സ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ഹെല്‍ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ നല്‍കുന്നതില്‍ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന്‍ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍, നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കും ഈ സംവിധാനം സഹായകരമാകും.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.