ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി


ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലിസ് അന്വേഷണമാരംഭിച്ചു.