ഇടുക്കി ഡാം ഉച്ചയ്ക്ക് തുറക്കും; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടി, ജാഗ്രതാ നിർദ്ദേശം


ജലനിരപ്പുയരുന്ന സാഹചര്യത്തിൽഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് തുറന്ന് 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. നീരൊഴുക്ക് വർധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയർന്നിട്ടുണ്ട്.
2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാൾ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.
മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. റൂൾകർവ് അനുസരിച്ച് 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്നത്. 24 മണിക്കൂറിനുള്ളിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കളക്ടർ നിർദ്ദേശം നൽകി. 400 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വർധിപ്പിച്ചിട്ടുണ്ട്