സിനിമാ സെറ്റുകളിലേക്കുള്ള പ്രതിഷേധം വേണ്ട, നടപടിയുണ്ടാകും; യൂത്ത് കോണ്‍ഗ്രസിനോട് വി.ഡി. സതീശന്‍


തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിനിമാ ചിത്രീകരണം തടസപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നിയമസഭയില്‍ മുകേഷ് എം.എല്‍.എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.
സിനിമാ വ്യവസായത്തെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെ.പി.സി.സി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ സെറ്റുകളിലേക്ക് പ്രതിഷേധവുമായെത്തുകയാണ്. ഇതുമായി ഒരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തുകയാണെന്ന് മുകേഷ് പറഞ്ഞു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിനു മുകളിലുള്ള കടന്നു കയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.