നിർമാണത്തി ലിരുന്ന കക്കൂസ് കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു.


നിർമാണത്തിലിരുന്ന കക്കൂസ് കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ- അമൃത ദമ്പതികളുടെ മകൾ സാൻവിയയാണ് മരിച്ചത്. ഇവരുടെ ഏക മകളാണ് സാൻവിയ. വീഴ്ച്ചയിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ 11നായിരുന്നു സംഭവം. തൊട്ടടുത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള കക്കൂസ് കുഴിയിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീടിനു സമീപത്തെ മതിൽ പൊളിച്ചു മാറ്റിയ ഭാഗത്തു കൂടിയാണ് കുട്ടി ഈ ഭാഗത്തേക്ക് വന്നതെന്ന് കരുതുന്നു. ഒൻപതടിയോളം ആഴമുള്ള കുഴിയിൽ നിറയെ വെള്ളം ഉണ്ടായിരുന്നു.
കുഴിക്ക് മുകളിൽ സ്ലാബ് ഇട്ടിരുന്നില്ല. കുട്ടിയെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. പരിസരവാസികൾ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.