‘ജയിലിൽ കിടന്നപ്പോൾ പാർട്ടിയുടെ സഹായം ലഭിച്ചില്ല, കോടിയേരിയ്ക്കും ഇടപെടാൻ കഴിഞ്ഞില്ല’; ബിനീഷ് കോടിയേരിയുടെ ഭാര്യ


ബിനീഷ് കോടിയേരി ജയിലിൽ കിടന്നപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച കേസിൽ ജയിൽ മോചിതനായ ബിനീഷ് കോടിയേരി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഭാര്യയുടെ പ്രതികരണം. അച്ഛൻ കോടിയേരി ബാലകൃഷ്ണനും യാതൊരു ഇടപെടലും നടത്താൻ കഴിഞ്ഞിട്ടില്ലെനനും അദ്ദേഹം നിൽക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടാൻ കഴിയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും റെനീറ്റ പ്രമുഖ ചാനലിനോട് പറഞ്ഞു.
ആരോപണം ഉയർന്നപ്പോഴും ബിനീഷിനെ ഒരിക്കൽ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു. ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
കാലം സത്യത്തെ ചേർത്ത് പിടിക്കും. നീതി ലഭിച്ചതിൽ സന്തോഷമെന്നും പറയാനുള്ളതെല്ലം പിന്നീട് പറയുമെന്നുമാണ് ബിനീഷ് പ്രതികരിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും ബിനീഷ് പറഞ്ഞു.
ഒരു വർഷത്തിന് ശേഷം മകനെ കണ്ടതിൽ സന്തോഷമുണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ജയിലിൽ പോയി സന്ദർശിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസ് കോടതിയിൽ നിലനിൽക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ പ്രതികരിക്കുന്നില്ല. ഇഡിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ സംഭവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷിനെ സ്വീകരിക്കാൻ ബൊക്കെയും മാലയുമായി നിരവധിപ്പേർ കാത്തുനിന്നിരുന്നു