NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജൂലൈ 18 ഇനി തമിഴ്‌നാട് ദിനം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

 

ചെന്നൈ: ജൂലൈ 18 ഇനി മുതല്‍ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുടെ നിവേദനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സ്റ്റാലിന്‍ അറിയിച്ചു.

ദ്രാവിഡര്‍ കഴകം പ്രസിഡന്റ് കെ. വീരമണി, ദ്രാവിഡ ഇഴക്ക തമിഴ് പാര്‍വൈ ജനറല്‍ സെക്രട്ടറി ശുഭ വീരപാണ്ഡ്യന്‍, തമിഴ് പണ്ഡിതന്‍ സോളമന്‍ പാപ്പയ്യയുടെ നേതൃത്വത്തിലുള്ള തമിഴ് ഉണര്‍വളര്‍കള്‍ കൂട്ടമയ്പ്പ് എന്നിവരുടെ നിവേദനത്തെ അടിസ്ഥാനമാക്കിയാണ് ജൂലൈ 18 തമിഴ്‌നാട് ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഈ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് എ.ഐ.എ.ഡി.എം.കെ രംഗത്ത് വന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി നവംബര്‍ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം ചരിത്രത്തെ തോന്നും പോലെ വളച്ചൊടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യന്‍ ആരോപിച്ചു.

‘1956 നവംബര്‍ ഒന്നിന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അന്നത്തെ മദ്രാസ് സംസ്ഥാനത്തില്‍ നിന്നും കുറച്ചു ഭാഗങ്ങള്‍ കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി ചേര്‍ക്കുകയായിരുന്നു. അന്ന് ഭാഷാടിസ്ഥാനത്തിലാണ് നമ്മുടെ സംസ്ഥാനവും രൂപീകരിപ്പെട്ടത്.

എന്നാല്‍ വിവിധ പണ്ഡിതന്‍മാരുടെയും സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായത്തില്‍, നവംബര്‍ ഒന്ന്, തമിഴ്‌നാടിന്റെ അതിര്‍ത്തിയിലെ ചില സ്ഥലങ്ങള്‍ കൈവിട്ടു പോകാതെ നമ്മുടെ സംസ്ഥാനത്തോടൊപ്പം ചേര്‍ത്തുവെക്കാന്‍ നടന്ന പോരാട്ടങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു. ജൂലൈ 18 തമിഴ്‌നാട് ദിനമായി ആചരിക്കണം എന്നാണ് വിവിധ തമിഴ് പണ്ഡിതരുടെ അഭിപ്രായം.

1967 ജൂലൈ 18ല്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്റെ പേര് മാറ്റി തമിഴ്‌നാട് എന്നാക്കിമാറ്റിയതിന്റെ ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ ദിവസം തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടത് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

1956ലെ സംസ്ഥാന പുനഃസംഘടനയില്‍ തമിഴ്നാടിന്റെ അതിര്‍ത്തി സംരക്ഷണ സമരത്തില്‍ പങ്കെടുത്ത 110 നേതാക്കളെ നവംബര്‍ ഒന്നിന് ഒരു ലക്ഷം രൂപ വീതം നല്‍കി ആദരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 1956ലെ സമരത്തിലെ രക്തസാക്ഷികള്‍ക്ക് പ്രതിമാസ പെന്‍ഷനായി 5500 രൂപയും മെഡിക്കല്‍ അലവന്‍സായി 500 രൂപയും നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!