രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതിയാകും; മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി


സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷാശാസ്ത്രപഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും.
എല്ലാ സ്‌കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവലംബിക്കുക. ഓരോ സ്‌കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ഹാന്‍ഡ് വാഷ്, സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് 2.85 കോടി രൂപ അനുവദിച്ചു.
50 കുട്ടികള്‍ വരെയുള്ള സ്‌കൂളുകള്‍ക്കു 1500 രൂപ, 51-150 കുട്ടികള്‍ 2000 രൂപ, 151-300 കുട്ടികള്‍ 2500 രൂപ, 301-500 കുട്ടികള്‍ 3000 രൂപ, 501-1000 കുട്ടികള്‍ 3500 രൂപ, 1000 കുട്ടികള്‍ക്കു മുകളില്‍ 4000 രൂപ വീതം നല്‍കും.