റോഡുകൾ പൊട്ടിപ്പൊളിഞ്ഞും താറുമാറുമായി കിടക്കുന്നത് കണ്ട് ജനങ്ങൾ ഇനി കാഴ്ചക്കാരായി ഇരിക്കേണ്ടതില്ല; റോഡുകളുടെ വിവരങ്ങളും കരാറുകാരന്റെ നമ്പറും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും; മന്ത്രി റിയാസ്


റോഡുകൾ പൊട്ടിപ്പൊളിഞ്ഞും താറുമാറുമായി കിടക്കുന്നത് കണ്ട് ജനങ്ങൾ ഇനി കാഴ്ചക്കാരായി ഇരിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തകർന്ന റോഡുകൾ എന്തു കൊണ്ട് പുനർനിർമ്മിക്കുന്നില്ലെന്ന് അറിയാനും പരാതികൾ നൽകാനും പുതിയ സംവിധാനം വരുന്നു. കേരളത്തിലെ റോഡുകളുടെയും അത് നിർമ്മിച്ച കരാറുകാരുടെയും ഫോൺ നമ്പറുകൾ സഹിതം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ ഡി.എൽ.പി അടിസ്ഥാനത്തിൽ നിർമ്മിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡിഫക്ട് ലയബിലിറ്റി പിരീയഡിൽ നിർമ്മിക്കുന്ന റോഡുകളുടെ വശങ്ങളിൽ കരാറുകാരൻറെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥൻറെയും നമ്പറുകളാണ് പരസ്യപ്പെടുത്തുക. ഈ കാലയളവിൽ റോഡുകൾ പൊട്ടിപ്പൊളിയുകയാണെങ്കിൽ ജനങ്ങൾക്ക് നേരിട്ട് കരാറുകാരനെ വിളിക്കാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പുതിയ സാദ്ധ്യതകളെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരിയുമായി ചർച്ച നടത്തി. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ സാദ്ധ്യതകളെ കുറിച്ച് നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
സംസ്ഥാനത്തെ ദേശീയപാതകളിൽ 240 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ഭൂരിപക്ഷവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. 1233 കിലോമീറ്റർ കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ദേശീയ പാത ആറ് വരിയാക്കാൻ വേണ്ടി കൈമാറ്റം ചെയ്തതിന് ശേഷം റോഡുകളിൽ ഒരുപാട് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൈമാറുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കുഴികൾ അടക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു.