NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാരക മയക്കു മരുന്നുമായി താനൂര്‍ സ്വദേശിയായ യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

മാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്പില്‍ രാഹുല്‍ (25), മലപ്പുറം താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച രാത്രി ഒന്നരക്ക് മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള ഹോട്ടലിന് സമീപത്ത് നിന്ന് കല്ലിട്ടനടയിലേക്കുള്ള റോഡില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. നാലുപേരെ സംശയസാഹചര്യത്തില്‍ കണ്ടതോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഇവരുടെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ് ഹരികൃഷ്ണന്റെ ബാഗ് പരിശോധിച്ചപ്പോഴാണ്? നാല് പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തിയത്.

ഇവരെത്തിയ കെ.എല്‍ -11 എ.എന്‍ -8650, കെ.എല്‍ -11 ബി.യു -6231 എന്നീ നമ്പറുകളിലുള്ള സ്‌കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍, ആരാണ് ലഹരി നല്‍കിയതെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ല. വില്‍പനക്കായാണ് ഹഷീഷ് ഓയില്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്.

മെഡിക്കല്‍ കോളജ് അസി. സബ് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രവീണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, രതീഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. രമേഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *