ലോകത്തെ രണ്ടാമത്തെ നീളംകൂടിയ ഇംഗ്ലീഷ് വാക്കുച്ചരിച്ച് കയ്യടി നേടിയ ഫാത്തിമ ഫിദ: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി


തിരൂരങ്ങാടി: – ലോകത്തെ രണ്ടാമത്തെ നീളംകൂടിയ ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് കയ്യടി നേടിയ ഫാത്തിമ ഫിദ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. ലോകത്തെ ദൈർഘ്യമുള്ള രണ്ടാമത്തെ അമേരിക്കന്‍ ഉച്ചാരണ ഇംഗ്ലീഷ് വാക്കുകൾ മനഃപാഠമാക്കി അനായാസം ഉച്ചരിച്ചാണ് മൂന്നിയൂർ മുട്ടിച്ചിറ സ്വദേശി കാളങ്ങാടൻ അബു ഫൈസലിന്റെയും സി.കെ ഫൗസിയയുടെയും മകളായ ഫാത്തിമ ഫിദ ഈ നേട്ടം കൈവരിച്ചത്.
രസതന്ത്രവുമായി ബന്ധപ്പെട്ട 1909 അക്ഷരങ്ങളുള്ള വാക്ക് ഉച്ചരിക്കുന്ന ഭാഗമാണ് ഒരുമാസം മുമ്പ് ഫാത്തി ഫിദ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിസിന്റെ അധികൃതർക്ക് അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. ഈ കഴിഞ്ഞദിവസം മെഡലും, സർട്ടിഫിക്കറ്റും, അടങ്ങുന്ന അംഗീകാരപത്രം അധികൃതർ വീട്ടിലെത്തിക്കുകയായിരുന്നു. 1909 അക്ഷരങ്ങളുള്ള ഈ വാക്ക് ഒരേസമയം പറഞ്ഞു തീർക്കാൻ മൂന്നു മിനിട്ടുവേണം.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ടീച്ചർ നൽകിയ നീളമേറിയ തമിഴ് വാക്ക് ഉച്ചരിച്ചായിരുന്നു ഫാത്തിമ ഫിദയുടെ ഈ രംഗത്തേക്കുള്ള പ്രവേശനം. പിന്നീട് ഇതിൽ താൽപര്യം കൂടുകയും അമേരിക്കന്‍ ഇംഗ്ലിഷിലെ വാക്കുകൾ മനഃപാഠമാക്കി അവതരിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം യുആർഎഫ് വേൾഡ് റിക്കോർഡ്സിൽ നിന്നും അംഗീകാരപത്രവും മെഡലും ലഭിച്ചിരുന്നു.
ചെമ്മാട് നാഷണൽ ഇംഗ്ലിഷ് മീഡിയം സ്കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഫിദ. ആകാശവാണി സാഹിത്യവാണിയിലെ കുട്ടികളുടെ റേഡിയോയില്‍ റേഡിയോ ജോക്കിയാണ്. നാച്ചുറല്‍ ക്ലബ്ബായ ഇല ജൂനിയേഴ്സിന്റെ സംസ്ഥാന പ്രസിഡന്റാണ്.