പരപ്പനങ്ങാടിയിൽ തോട്ടിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ


പരപ്പനങ്ങാടി: മലിനജലം തോട്ടിലെത്തി മൽസ്യങ്ങൾ ചത്തുപൊങ്ങി. പരപ്പനങ്ങാടി ഭാഗത്ത് നിന്നും ചാപ്പപ്പടി മുറിത്തോടിലേക്ക് ഒഴുകുന്ന വാപ്പിച്ചിക്ക റോഡിനരികിലൂടെ ഒഴുകുന്ന തോട്ടിലാണ് നിരവധി മത്സ്യങ്ങൾ ചത്തു പൊങ്ങിയത്.
മീനുകൾക്കൊപ്പം ചത്ത ഇഴജന്തുക്കളും തോട്ടിൽ എത്തിയിട്ടുണ്ട്. വിഷ മാലിന്യം കലർന്ന തോട്ടിലെ വെള്ളം കുടിച്ചായിരിക്കാം ഇഴജന്തുക്കൾ ചത്തതെന്നാണ് നാട്ടുകാർ പറയുന്നത്.
കൗൺസിലറും മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായ പി.വി മുസ്തഫ സ്ഥലം സന്ദർശിച്ചു. തോട്ടിൽ വിഷമാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.