NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 1,350 പേര്‍ക്ക്; 743 പേര്‍ക്ക് രേഗമുക്തി.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 1,350 പേര്‍ക്ക്; 743 പേര്‍ക്ക് രേഗമുക്തി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,224 പേര്‍ക്ക് വൈറസ് ബാധ.
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 84.
12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ.
രോഗബാധിതരായി ചികിത്സയില്‍ 7,503 പേര്‍.
ആകെ നിരീക്ഷണത്തിലുള്ളത് 47,015 പേര്‍.

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,350 പേര്‍ക്കാണ് ഇന്ന് (ഒക്ടോബര്‍ 07) രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ഒരു ദിവസം രോഗബാധിതരാവുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രോഗബാധിതരായവരില്‍ 1,224 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 743 പേര്‍ രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ 21,280 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

47,015 പേര്‍ നിരീക്ഷണത്തില്‍

47,015 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,503 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,488 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് ഇതുവരെ 1,88,936 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 8,235 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

കോവിഡ് സമൂഹ വ്യാപനം തടയാന്‍ പൊതുജന പിന്തുണ അനിവാര്യം: ജില്ലാ കലക്ടര്‍

കോവിഡ് 19 ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന സ്ഥിതിയാണ് മലപ്പുറം ജില്ലയിലേതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. രോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ഇത് ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനപിന്തുണ അനിവാര്യമാണെന്നും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഒരുതരത്തിലുള്ള വീഴ്ചകളും പാടില്ലെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യാര്‍ഥിച്ചു.

ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് (ഒക്ടോബര്‍ 07) രേഖപ്പെടുത്തിയത്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി കുറഞ്ഞിട്ടും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുകയാണ്. രോഗ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് സര്‍ക്കാറും ആരോഗ്യ വിദഗ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ നിലവിലെ ഗുരുതരാവസ്ഥ പൊതു സമൂഹവും ഉള്‍ക്കൊള്ളണം. അശ്രദ്ധയ്ക്ക് ജീവന്റെ വില നല്‍കേണ്ടിവരുമെന്നതാണ് നിലവിലെ സാഹചര്യം. ഇതിനിടയിലും പൊതു ജീവിതം സുഗമമാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടതെന്നും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 വ്യാപനം വലിയതോതില്‍ വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ഇന്ന് (ഒക്ടോബര്‍ 07) രോഗബാധ സ്ഥിരീകരിച്ച 1,350 പേരില്‍ 1,320 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും വൈറസ് ബാധിതരാകുന്നു. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരും വൈറസ് ബാധിതരാകുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ഈ വിഭാഗങങളിലുള്ളവര്‍ക്ക് വൈറസ്ബാധയുണ്ടാകുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഇത് തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങളെല്ലാം പരമാവധി ജാഗ്രത പുലര്‍ത്തണം. മുതിര്‍ന്ന പൗരന്മാര്‍, വിവിധ രോഗങ്ങളുള്ളവര്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ ഒരു കാരണവശാലും പുറത്ത് നിന്നുള്ളവര്‍ സന്ദര്‍ശിക്കരുത്.

അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. ഇങ്ങനെ ഇറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും മാസ്‌കിന്റെ ശരിയായ രീതിയിലുള്ള ഉപയോഗവും ഉറപ്പാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!