കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും ഊരാളുങ്കലും സഹകരണ മേഖലയിലെ മികച്ച മാതൃക: അമിത് ഷാ
1 min read

ന്യൂദല്‍ഹി: കേരളത്തിലെ സഹകരണ മേഖലയെ പ്രശംസിച്ച് സഹകരണ-ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. ദേശീയ സഹകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും സഹകരണ മേഖലയിലെ മികച്ച മാതൃകകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രം, സഹകരണ മന്ത്രാലയം രൂപീകരിച്ചത്.
സഹകരണ മേഖലയില്‍ പുതിയ നയം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുടെ ശക്തി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അത് വേണ്ട. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരും,’ മന്ത്രി പറഞ്ഞു.സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിന് നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളുടെ എണ്ണം 65000 ത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.