NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൗജന്യ ചികിത്സയിൽ കേരളം ഒന്നാമത്; സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കൂടി

കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരസ്ഥമാക്കി.

കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഏറ്റവും കൂടുതൽ എബി – പിഎം – ജെഎവൈ – കാസ്പ് കാർഡ് ലഭ്യമാക്കിയ പ്രധാൻമന്ത്രി ആരോഗ്യ മിത്രക്കുള്ള അവാർഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കൽ കോളേജിലെ എ. അശ്വതി സ്വന്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ 2 കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതിൽ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തിൽ നിന്നുമാത്രമാണ്. ശ്രദ്ധേയമായ ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്‌കാരം നേടിത്തന്നത്.

കാസ്പ് പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്എച്ച്എ) രൂപം നൽകി. സംസ്ഥാന സർക്കാർ എസ്എച്ച്എയെ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി സമയത്തും സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ഏകോപിക്കുന്നതിനു എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചത്. കേരളത്തിൽ കാസ്പ് ഗുണഭോക്താവ് അല്ലാത്ത സർക്കാർ റഫറൽ ചെയ്ത കോവിഡ് രോഗികൾക്കും സ്വകാര്യ ആശുപത്രികളിൽ നിന്നും പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഈ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയായി എസ്എച്ച്എ കേരളയെ തിരഞ്ഞെടുക്കാൻ കാരണമായത്.

3 വർഷ കാലയളവിൽ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന സൗജന്യ ചികിത്സയുടെ മുഴുവൻ തുകയും കേരള സർക്കാരാണ് വഹിക്കുന്നത്. കാസ്പ് പദ്ധതി പ്രകാരം പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും കെബിഎഫ് പദ്ധതി പ്രകരമാണെങ്കിൽ ആജീവനാന്തം രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭ്യമാകുന്നത്.

കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങൾക്കും കെബിഎഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതാണ്. നിലവിൽ കേരളത്തിൽ ഈ പദ്ധതികളുടെ ആനുകൂല്യം 192 സർക്കാർ ആശുപത്രികളിലും 569 സ്വകാര്യ ആശുപത്രികളിലൂടെയും നൽകി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *