NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശുപത്രികളില്‍ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

വാക്‌സിനെടുത്തവരില്‍ കുറച്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്‌സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും വാക്‌സിന്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. മൊത്തം ജനസംഖ്യയുടെ എണ്ണമെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സമ്പൂര്‍ണ ലോക്ക്ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.