കോവിഡ് റിക്കവേർഡ് ടീം: ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ


തിരൂരങ്ങാടി: ജില്ലയിൽ കോവിഡിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ കോവിഡ് റിക്കവേർഡ് ടീമിന്റെ (സി.ആർ.ടി ) ഔദ്യോഗിക ഉദ്‌ഘാടനം കലക്ടർ കെ. ഗോപാലകൃഷ്ണൻ നിർവഹിച്ചു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് റിക്കവേർഡ് ടീം പ്രവർതനമാരംഭിച്ചത്.
ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പോലീസ് സൂപ്രണ്ട് അബ്ദുൽ കരീം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാർ, കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു എന്നിവരാണ് ടീമിന്റെ രക്ഷാധികാരികൾ.
കോവിഡ് ബാധിച്ചവരുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുവാനും കോവിഡ് ബാധിച്ച് ജോലിയും മറ്റും നഷ്ടപ്പെട്ട നിർധനർക്ക് സഹായ ഹസ്തങ്ങൾ നൽകാനും സംഘടന ലക്ഷ്യമിടുന്നു. ജില്ലയിലെ കോവിഡ് മുക്തരായ എല്ലാവരും സി.ആർ.ടി മലപ്പുറം അംഗങ്ങളായിരിക്കും.
മണ്ഡലം തലത്തിലും ആവശ്യമായ ഘട്ടങ്ങളിൽ പഞ്ചായത്ത് / വാർഡ് തലങ്ങളിലും കോവിഡ് റിക്കവേർഡ് ടീം രൂപീകരിക്കും. കോവിഡ് മലപ്പുറം ഒഫീഷ്യൽ വാട്സാപ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
ഉമർ സഖാഫി മൂർക്കനാടാണ് ടീമിന്റെ പ്രസിഡന്റ്. ഷബീറലി തിരൂരങ്ങാടി, ഡോ. ബാസിൽ നിലമ്പുർ എന്നിവർ വൈസ് പ്രസിഡന്റുമാരും സിറാജ് ഇരിങ്ങാട്ടിരി സെക്രട്ടറിയും ഷീബ രാജേഷ്, അൻഷാദ് നിലമ്പുർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്.