NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കര്‍ഷക പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം; നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു.

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം. ഹരിയാനയിലെ കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ ഗുരുദ്വാര കര്‍ സേവയില്‍ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കര്‍ഷകരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു.

Leave a Reply

Your email address will not be published.