ജന പ്രതിനിധികള്‍ പ്രതികളായ കേസുകൾ; വേഗത്തിൽ തീർപ്പാ ക്കണമെന്ന് സുപ്രീംകോടതി


എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതി. 20-30 വർഷമായിട്ടും കുറ്റപത്രം നൽകാത്ത കേസുകളുണ്ട്. എന്തിനാണ് കേസുകൾ നീട്ടുകൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇഡിക്കെതിരെയും സിബിഐക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. ഇഡി, സിബിഐ കേസുകൾ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തിൽ കേന്ദ്രം വിശദാംശങ്ങൾ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന്റെ ഭാഗാമായി സ്വത്തുക്കൾ ഇഡി മരവിപ്പിക്കും. അതിന് ശേഷം ഒരു നടപടിയും ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂർത്തിയാകാൻ സമയം എടുക്കുമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയില്‍ മറുപടി നല്‍കിയത്. കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവ് ഇറക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി അറിയിച്ചു. ദില്ലിയിൽ ഇരുന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കോടതികളെ നിരാക്ഷിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.