പത്തു മണിക്കൂറില്‍ കൂടുതല്‍ പണമില്ലാതെ കിടക്കുന്ന എടിഎമ്മുകൾക്കെതിരെ നടപടിക്കൊരുങ്ങി റിസർവ് ബാങ്ക്


എടിഎമ്മുകളില്‍ പണം സൂക്ഷിക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനമെടുത്തിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കും.
ഏതെങ്കിലും എടിഎമ്മില്‍ മാസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ പണമില്ലാത്ത സ്ഥിതിയുണ്ടായാല്‍ അതത് എടിഎമ്മുകളുടെ ഉടമയായ ബാങ്കുകളില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം. പണം കാലിയായ ഓരോ എടിഎമ്മിനും 10000 രൂപ പിഴ അടക്കേണ്ടി വരും.
വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ കാര്യത്തില്‍ ഇവയ്ക്ക് പണം നല്‍കുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക. ഈ സാഹചര്യത്തില്‍ ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ലുഎല്‍എ ഓപ്പറേറ്ററില്‍ നിന്ന് പണം ഈടാക്കാം.
എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് റിസര്‍വ്വ് ബാങ്ക് നല്‍കിയിട്ടുണ്ട്. എടിഎമ്മുകളില്‍ തടസ്സരഹിതമായി പണലഭ്യത ഉറപ്പാക്കുന്നതിനായാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ബി ഐ ഉത്തരവില്‍ വ്യക്തമാക്കി. എടിഎമ്മുകള്‍ കാലിയായി കിടക്കുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് നടപടി.