NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം കോട്ടക്കുന്ന് പാർക്ക് തുറന്നു; റൈഡുകൾ ഇന്നു മുതൽ തുടങ്ങും.

 

മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു.  കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു സന്ദർശകരെ അനുവദിക്കുന്നത്. ഇന്നലെ നൂറു കണക്കിനു സന്ദർശകരെത്തി.
സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാത്തവർക്കു പ്രവേശനം അനുവദിച്ചില്ല. തിങ്കൾ മുതൽ ശനി വരെ രാത്രി 8 വരെ പ്രവേശനം ഉണ്ടാകും.
ഇന്നു മുതൽ വിവിധ റൈഡുകളും പ്രവർത്തിച്ചു തുടങ്ങും. രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്സീനെങ്കിലും എടുത്തവർ, അല്ലെങ്കിൽ 72 മണിക്കൂറിനിടെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ, ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവർ തുടങ്ങിയ നിബന്ധനകളിൽ ഏതെങ്കിലുമൊന്നു പാലിക്കുന്നവർക്കു മാത്രമാണു പ്രവേശനം.
പ്രവേശന കവാടത്തിൽ സുരക്ഷാ ജീവനക്കാർ ഇതു പരിശോധിച്ച ശേഷമാണു സന്ദർശകരെ കടത്തി വിടുന്നത്. അല്ലാത്തവരെ മടക്കി അയയ്ക്കും.
കുട്ടികൾക്ക് ഇതുവരെ വാക്സീൻ നൽകി തുടങ്ങിയിട്ടില്ലാത്തതിനാൽ കുടുംബത്തോടൊപ്പം അവർക്കു പ്രവേശനം അനുവദിക്കുന്നുണ്ട്.
സർക്കാർ നിർദേശം കർശനമായി പാലിച്ചായിരിക്കും പ്രവേശനമെന്നു മാനേജർ അൻവർ ഹുസൈൻ പറഞ്ഞു. ആദ്യ ദിനമായ ഇന്നലെ നൂറോളം പേരെത്തി. പലരും കുടുംബ സമേതം ആണെത്തിയത്. പാർക്ക് തുറന്നു കൊടുക്കാൻ ഇന്നലെ രാവിലെയാണു ജില്ലാ ഭരണ കൂടം തീരുമാനമെടുത്തത്. അതിനാൽ, ഇന്നലെ റൈഡുകൾ പ്രവർത്തിച്ചില്ല.
ഇന്നു മുതൽ ഇവ പ്രവർത്തിച്ചു തുടങ്ങും. ഒന്നാം കോവിഡ് ലോക്ഡൗണിനും രണ്ടാം ലോക്ഡൗണിനും ഇടയിൽ 3 മാസം കോട്ടക്കുന്നിൽ സന്ദർശകരെ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published.