അങ്ങാടിപ്പുറം – മലപ്പുറം- ഫറോക്ക് റെയിൽവെ ലൈൻ യാഥാർത്ഥ്യ മാക്കുവാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തും – മന്ത്രി വി. അബ്ദുറഹിമാൻ
1 min read

2010 ൽ കേന്ദ്ര റെയിൽവെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ ഫറോക്കിൽ നിന്നും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം, മലപ്പുറം വഴി അങ്ങാടിപ്പുറം വരെയുള്ള റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കുവാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് റെയിൽവെയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
2010 ൽ സർവ്വെ പൂർത്തീകരിച്ച അങ്ങാടിപ്പുറം – ഫറോക്ക് റെയിൽപാത ലാഭകരമാണെന്ന് കണ്ടെത്തുകയും തുടർന്ന് റെയിൽവെ ആസൂത്രണ കമീഷന്റെ അംഗീകാരത്തിനായി പദ്ധതി സമർപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2010 ൽ നിലമ്പൂർ – നഞ്ചൻകോട് പദ്ധതിക്കൊപ്പം അങ്ങാടിപ്പുറം ഫറോക് പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ അംഗീകാരം നൽകുകയും ചെയ്തു. ഈ പാത കേന്ദ്രസർക്കിന്റെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2012-13 റെയിൽവെ ബജറ്റിലും ഇതുമായി ബന്ധപ്പെട്ട വിശദ സർവ്വെക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തതാണ്. എന്നാൽ പദ്ധതിക്ക് വേണ്ടത്ര പുരോഗമനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നതാണെന്നും ടി.വി. ഇബ്രാഹീം എം.എൽ.എ.ക്ക് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കി.