കെ.എസ്.ഇ.ബി. വൈദ്യുതി തൂൺ സ്ഥാപിച്ചത് ഡ്രൈനേജിൽ; അതും നടപ്പാതയുടെ കോൺക്രീറ്റ് സ്ളാബ് ഇളക്കിമാറ്റി


പരപ്പനങ്ങാടി: റോഡിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ളാബ് ഇളക്കിമാറ്റി വൈദ്യുതി തൂൺ സ്ഥാപിച്ചത് വിവാദമായി. നഗരസഭയിലെ ഏറ്റവും തിരക്കേറിയ ഭാഗത്തെ നടപ്പാതയിലുള്ള സ്ളാബ് എടുത്തുമാറ്റിയാണ് കെ.എസ്.ഇ.ബി ‘എ പോൾ’ ഇരുമ്പ് കാൽ സ്ഥാപിച്ചിരിക്കുന്നത്. പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ അഞ്ചപ്പുരയിയിലാണ് വൈദ്യുതി ബോർഡിൻറെ ഈ അപൂർവ്വ നടപടി.
വെള്ളമൊഴുകിപോകാനുള്ള ഡ്രൈനേജിന്റെ മുകളിൽ സ്ളാബ് നിരത്തിയാണ് ടൗണിൽ ഫൂട്ട്പാത്തുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. സ്ളാബ് മാറ്റിയശേഷം ഡ്രൈനേജിൽ പോസ്റ്റ് ഇറക്കിവെച്ച്കോൺക്രീറ്റിൽ ഉറപ്പിച്ചിരിക്കുകയാണ്.
ഇത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഫൂട്ട് പാത്തിലൂടെയുള്ള കാൽനടയാത്രയും തടസ്സപെടുന്നുണ്ട്. പരപ്പനങ്ങാടി നാടുകാണി പാത നിർമാണവുമായി ബന്ധപ്പട്ട് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നത്.