NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രസവാവധിയിൽ പോയതിന് പിരിച്ചുവിട്ട യുവതിയെ തിരിച്ചെടുക്കാൻ വനിതാ– ശിശു വികസന വകുപ്പ് ഡയറക്ടർക്ക് ഹെെക്കോടതി നിർദേശം

അമ്മയുടെ സാന്നിദ്ധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാകില്ലെന്നും അതുകൊണ്ടാണ് അമ്മമാർക്ക് പ്രസവാവധി അനുവദിച്ചിട്ടുള്ളതെന്നും ഹെെക്കോടതി. മാതൃത്വവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന സ്ത്രീയുടെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും കോടതി പറഞ്ഞു.

പ്രസവാവധി നിഷേധിച്ചെന്നും ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. സാഹചര്യം വിലയിരുത്തി അവധി അനുവദിക്കേണ്ടതിനു പകരം ഹർജിക്കാരിയെ പിരിച്ചുവിട്ട നടപടി അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊല്ലം ശിശുസംരക്ഷണ ഓഫീസിലെ കൗൺസിലർ വന്ദന ശ്രീമേധ നൽകിയ ഹർജിയിൽ വിധിപറയുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. 2016ൽ ദിവസവേതനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഈ വർഷം ജനുവരി 17വരെ ജോലി ചെയ്തു.

പ്രസവത്തിനെ തുടർന്ന് മൂന്നുമാസത്തെ അവധി ലഭിച്ചു. തുടർനിയമനം ലഭിച്ച യുവതി മൂന്നുമാസം കൂടി അവധിക്ക് അപേക്ഷിച്ചപ്പോൾ അപേക്ഷ തള്ളി യുവതിയെ പിരിച്ചു വിടുകയായിരുന്നു.. 51 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടണമെന്ന് ഡോക്ടറുടെ നിർദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവധി അപേക്ഷ. പുതിയ നിയമനം നടത്താൻ ഡയറക്ടർ ഉത്തരവിടുകയും ചെയ്‌തു.

താൽക്കാലിക ജീവനക്കാർക്ക് ചട്ടപ്രകാരം കൂടുതൽ അവധിക്ക്‌ അവകാശമില്ലെന്നും അവധി ഒരു അവകാശമായി ജീവനക്കാർക്ക് ഉന്നയിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം യുവതിയെ ഉടൻ തിരിച്ചെടുക്കാനും അവധി അപേക്ഷ പരിഗണിക്കാനും കോടതി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *