ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട ഇസ്മായിലിന്റെ മകന് ഷാനിബിന്റെ വിദ്യാഭ്യാസ സംരക്ഷണം ഏറ്റെടുത്ത് വളവന്നൂർ ബാഫഖി യതീംഖാന.


തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കടലുണ്ടിപുഴയില്‍ ബാക്കികയത്ത് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട കക്കാട് കാവുങ്ങല്‍ ഇസ്മായിലിന്റെ മകന് മുഹമ്മദ് ഷാനിബിന്റെ (9) തുടര്‍ വിദ്യാഭ്യാസ സംരക്ഷണം വളവന്നൂര്‍ ബാഫഖി യതീംഖാന ഏറ്റെടുത്തു. യതീംഖാന പ്രസിഡണ്ട് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടർന്നാണിത്. ഇസ്മായിലിനൊപ്പം ഒഴുക്കില്‍പെട്ട മുഹമ്മദ് ഷാനിബ് അല്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഷാനിബിനു ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്മായിലിന്റെയും ഇളയ മകന് മുഹമ്മദ് ഷംവീലിന്റെയും മരണത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. കെ.എം.സി.സി.ക്കും മുസ്ലിംലീഗിനും എസ്.കെ.എസ്.എസ്.എഫിനുമെല്ലാം ഇസ്മായില്‍ അര്‍പ്പിച്ച സേവനം മഹത്തരമാണെന്ന് തങ്ങൾ പറഞ്ഞു. ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി അതില്‍ താമസമാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇസ്മായിലിനൊപ്പം ഒഴുക്കില്‍പ്പെട്ട ഷാനിബിനെ പരിസരത്തുണ്ടായിരുന്ന മരംവെട്ട് ജോലിക്കാരാണ് രക്ഷപ്പെടുത്തിയത്. കടലുണ്ടിപുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ മഹത്തായ ദൗത്യമാണ് നിര്‍വഹിച്ചതെന്നും ഇസ്മായിലിന്റെ സാമ്പത്തിക ബാധ്യത കെ.എം.സി.സി ഏറ്റെടുത്തത് മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ്. നേതാക്കളായ കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, തൊയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി, യു. ഷാഫി ഹാജി, ഹംസ ഹാജി മൂന്നിയൂർ, ഷാഫി ഉസ്താദ് എന്നിവർ വീട് സന്ദർശിച്ചു.