സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥ; ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. വിൽപന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവരിൽ ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു.
മദ്യവില്‍പ്പന ശാലകളുടെ വില്‍പ്പന രീതി മെച്ചപ്പെട്ട രീതിയിൽ വേണമെന്നും കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച തുടർനടപടികൾ അടുത്ത മാസം 11 ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
അതെ സമയം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പ്രവർത്തന സമയം കൂട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ 9 മണിക്ക് വില്‍പ്പനശാലകളും ബാറുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പനശാലകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ എക്സൈസ് കമിഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി അറിയിച്ചു.