ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് സ്‌റ്റേ ചെയ്യില്ല; കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി


സംസ്ഥാനത്ത് ബലിപെരുന്നാള്‍ പ്രമാണിച്ച് അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേരളത്തോട് വിശദീകരണം തേടി സുപ്രീംകോടതി. ഇന്നു തന്നെ വിശദീകരണം നല്‍കണമെന്നാണ് കോടതി അറിയിച്ചത്. അതേസമയം സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവ് നല്‍കിയത് കോടതി സ്‌റ്റേ ചെയ്തില്ല. ഹരജി നാളെ വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ഇളവുകള്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് ആരോപിച്ച് പി.കെ.ഡി. നമ്പ്യാര്‍ എന്നയാളാണ് ഹരജി നല്‍കിയത്. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ നല്‍കിയത്. 18,19,20 ദിവസങ്ങളിലാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയില്‍ പറഞ്ഞത്. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.