കടല്‍ക്ഷോഭ മുന്നറിയിപ്പ്: ആശങ്കയിലായി മത്സ്യ ത്തൊഴിലാളികള്‍
ഇഖ്ബാൽ പാലത്തിങ്ങൽ
പരപ്പനങ്ങാടി: കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ മൂന്ന് മീറ്റര്‍ മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെയാണ് കടലിന്റെ മക്കള്‍ ആശങ്കയിലായിരിക്കുന്നത്.
ജില്ലയില്‍ പൊന്നാനി മുതല്‍ കടലുണ്ടി നഗരം വരെയുള്ള തീരദേശ മേഖലയില്‍ താനൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലകളില്‍ ചിലയിടങ്ങളില്‍ കടല്‍ഭിത്തിയില്ല. അതിനാല്‍ വര്‍ഷക്കാലം തുടങ്ങിയ സമയത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ പല മത്സ്യത്തൊഴിലാളികളുടെയും വീടുകളിലേക്ക് വെള്ളം കയറുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കടല്‍ക്ഷോഭ മുന്നറിയിപ്പ് ആശങ്കക്കിടയാക്കുന്നത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മല്‍സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ താനൂരിലും പരപ്പനങ്ങാടിയിലും ഹാര്‍ബര്‍ പ്രവൃത്തി പൂര്‍ണമായും പൂര്‍ത്തിയാകാത്തതിനാലും വള്ളങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
