വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് നേരെ വധശ്രമം; സംഭവത്തിന് പിന്നിൽ മണ്ണ് മാഫിയയെന്ന് സി.പി.എം.


വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ മനോജ് കോട്ടാശ്ശേരിക്ക് നേരെ വധശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ലോറി കയറ്റി കൊല്ലാൻ ശ്രമം നടന്നത്. കരുമരക്കാട്ട ചതുപ്പ് നിലങ്ങള്‍ മണ്ണിട്ട് നികത്തി തരം മാറ്റാനായി ലോറികളെത്തിയിരുന്നു. ഈ നീക്കത്തെ വൈസ് പ്രസിഡന്റ് പ്രദേശവാസികളെയടക്കം കൂട്ടി തടയുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ മണ്ണുമായെത്തിയവര്‍ ലോറി ഇവര്‍ക്ക് നേരെ ഓടിച്ചു കയറ്റുകയായിരുന്നു. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടതെന്ന് മനോജ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി മടവംപാടത്ത് രാത്രിയില്‍ മണ്ണിട്ട് നികത്തുന്നത്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്തെ വാർഡംഗം മെമ്പര്‍ കൂടിയായ മനോജ് ബുധനാഴ്ച രാത്രി നാട്ടുകാര്‍ക്കൊപ്പം ഇവിടെയെത്തിയിരുന്നത്. ഇവിടെ നിന്നും ഓടിച്ചുപോയ ഒരു ലോറി കൂട്ടുമൂച്ചി വെച്ച് പരപ്പനങ്ങാടി പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
മനോജിനെ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മാഫിയ സംഘങ്ങളാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ സി.പി.എം ഏരിയ സക്രട്ടറി ടി. പ്രഭാകരന്‍, നരേന്ദ്രദേവ്, പി. വിനീഷ്, വിനയന്‍ പറോല്‍ എന്നിവര്‍ സംസാരിച്ചു.