പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിലെ പ്രതിയെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ചിറയിൻകീഴ്, കൂന്തള്ളൂർ പറമ്പിൽ വീട്ടിൽ മോൻ കുട്ടൻ എന്ന് വിളിക്കുന്ന സുഷാജ് (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി ഗർഭിണി ആയതറിഞ്ഞ് പ്രതി ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഒടുവിൽ പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഒളിവിൽ പോകാനായി സുഹൃത്തുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ മംഗലപുരം പോലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാർ, സബ്ബ് ഇൻസ്പെക്ടർ വി.തുളസീധരൻ നായർ പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ് ഖാൻ, എ.എസ്.ഐമാരായ ബി.ദിലീപ് ആർ.ബിജു കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.