NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഉമ്മ നിര്യാതയായി

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ ഖദീജ കുട്ടി (90) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി 15ന് വേങ്ങരയിലെ വീട്ടിലെത്തിയ കാപ്പന്‍ 22നാണ് മടങ്ങിയത്.

ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ജാമ്യം നല്‍കിയത്. അസുഖങ്ങള്‍ കാരണം കിടപ്പിലാണെന്നും ആരോഗ്യം ദിനം പ്രതിക്ഷയിച്ചു വരികയാണെന്നും ബോധം വരുന്ന സമയമെല്ലാം മകനെ അന്വേഷിക്കുന്നതായും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

സിദ്ധിഖ് കാപ്പന് എതിരെ ചുമത്തിയ കുറ്റങ്ങളിലൊന്ന് ഒഴിവാക്കിയ വാര്‍ത്ത വന്നതിനു പിന്നാലെയായിരുന്നു മരണം.

ഭര്‍ത്താവ്: മുഹമ്മദ് കുട്ടി കാപ്പന്‍.

മറ്റു മക്കള്‍: ആഇശ, ഫാത്തിമ, ഹംസ, മറിയുമ്മ, കതിയുമ്മ, അസ്മാബി.

മയ്യിത്ത് ഇന്ന് രാത്രി ഒമ്പതിന് പൂച്ചോലമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *