NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടന

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്(സി.പി.ജെ). അമേരിക്ക ആസ്ഥാനമായിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്.ഹാത്രാസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിദ്ദീഖ് കാപ്പനെതിരെ തെളിവില്ലെന്ന മഥുര കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സി.പി.ജെയുടെ പ്രസ്താവന.

ഉത്തര്‍പ്രദേശ് പൊലിസ് ചുമത്തിയ ഈ കേസില്‍ നിന്ന് കാപ്പനെ മഥുര കോടതി കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയുള്ള കേസും റദ്ദാക്കിയിട്ടുണ്ട്. അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരായിരുന്നു കാപ്പനൊപ്പം ഈ കേസില്‍ അറസ്റ്റിലായിരുന്നവര്‍.സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ഹാജാരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

അതേസമയം, സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി. പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു.മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.കഴിഞ്ഞ ഏപ്രിലില്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ച സിദ്ദീഖ് കാപ്പനെ പൊലീസ് രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു.

Leave a Reply

Your email address will not be published.