പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായ പരസ്യ പ്രസ്താവന: നേതാക്കൾക്ക് താക്കീത് നൽകി ഹൈദരലി തങ്ങള്‍


പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണെന്നും ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മറ്റു മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും നടത്തുന്ന പ്രതികരണങ്ങൾ പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതാണെന്നും തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഉത്തരവാദപ്പെട്ടവർ നടത്തുന്ന പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണെന്നും ഇതൊഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിൽ അയവ് വന്നാലുടൻ സംസ്ഥാന പ്രവർത്തകസമിതി ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. പാർട്ടിയുടെ വിവിധ തലങ്ങളിൽ ഇതിനകം തന്നെ ചർച്ചകൾ നടന്നിട്ടുണ്ട്. എല്ലാ ഘടങ്ങളിലും വേണ്ട ചർച്ചകൾ നടത്തി സംഘടന സുശക്തമായി മുന്നോട്ടുപോവും.
ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ട അവസരത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നത് ശത്രുക്കളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ കെ.എം ഷാജി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. നേതൃ തലത്തിൽ നയതന്ത്ര ഒത്തുതീർപ്പുകൾ നടക്കുന്നുവെന്നായിരുന്നു ഷാജിയുടെ പരോക്ഷ വിമർശനം. തോൽവിയെ പറ്റി ഉള്ളുതുറന്നുള്ള ചർച്ച നടത്താത്തതിലും ഷാജി വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പി.കെ. അബ്ദുറബ്ബും ഫേസ്ബുക്കിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ചിരുന്നു, ഈ സഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം നേതാക്കൾക്ക് താക്കീതുമായി രംഗത്തെത്തിയത്.