ബസ് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു… ബസ് കടയിലേക്ക് ഇടിച്ചു കയറി
മാവേലിക്കര നടക്കാവിൽ ബസ് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു.
ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ്(49) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം.
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു.
ബസിന്‍റെ നിയന്ത്രണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ഒരാൾ സ്റ്റിയറിങ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.
