NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരിരക്ഷ: ചൈല്‍ഡ്‌ലൈന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍.   ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍ ഫോണ്‍ ആസക്തി, വേദനിപ്പിക്കുന്ന/ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ചൈല്‍ഡ് ലൈന്‍ നല്‍കുന്നത്.
സൈബര്‍ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം ആവശ്യമാണ്. ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍ ഫോണ്‍ ആസക്തി, വേദനിപ്പിക്കുന്ന/ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിന്  ചൈല്‍ഡ് ലൈന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാവുന്നതാണ്. കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ഭീഷണികളും ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ചൈല്‍ഡ്‌ലൈനിലോ പൊലീസിലോ അറിയിക്കാം. 0483 2730738, 0483 2730739 (ചൈല്‍ഡ് ലൈന്‍)

*ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലും ഗെയിമുകളിലും കുട്ടികളുടെ പ്രവര്‍ത്തനം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതിനായി പുതിയ ഗെയിമുകളിലും അപ്ലിക്കേഷനുകളിലും നിങ്ങളുടെ കുട്ടിയുമായി സമയം ചെലവഴിക്കണം.
*കുട്ടികള്‍ ടി.വിയിലും മൊബൈലിലും എന്ത് കാണുന്നുവെന്നും അവ  പ്രായത്തിനനുയോജ്യമായവയാണോയെന്നും നിരീക്ഷിക്കണം
*രക്ഷാകര്‍തൃ നിയന്ത്രണങ്ങളും, സ്വകാര്യതാ നിയന്ത്രണങ്ങളും, ചൈല്‍ഡ് സേഫ്റ്റി സംവിധാനങ്ങളും ഉപയോഗിക്കണം.
*കുട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ഓരോ ദിവസവും എത്രനേരം എന്ന രീതിയില്‍ പരിധി നിശ്ചയിക്കണം.
*അടച്ചിട്ട മുറികളിലോ അസമയത്തോ ഒളിച്ചും പതുങ്ങിയുമുള്ള കുട്ടികളുടെ ഫോണ്‍ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തണം.
*ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കുട്ടിയോട് സംസാരിക്കണം.
*കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
*കുട്ടിക്ക് ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി എപ്പോള്‍, എങ്ങനെ സംവദിക്കാമെന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.
*മുതിര്‍ന്നവര്‍ ഉപയോഗിച്ചതോ ഉപയോഗിക്കുന്നതോ ആയ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സ്വകാര്യ / നഗ്‌നതാ ഉള്ളടക്കമുള്ള സന്ദേശങ്ങളോ ഫോട്ടോ/ വീഡിയോകളോ  ഇല്ലെന്ന് ഉറപ്പുവരുത്തണം.
*കുട്ടിക്ക് ഓണ്‍ലൈന്‍ ഉപയോഗവുമായി എന്തെങ്കിലും പ്രയാസങ്ങളോ അസ്വസ്ഥതകളോ നേരിട്ടാല്‍  അവ നിങ്ങളുമായോ വിശ്വസ്തനായ ഒരു മുതിര്‍ന്ന വ്യക്തിയുമായോ  പങ്കുവെക്കാന്‍  പ്രോത്സാഹിപ്പിക്കണം.
*കാലഘട്ടത്തിന്റെ വ്യത്യാസം മനസിലാക്കി സംയമനത്തോടെ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ആവശ്യമെങ്കില്‍ കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന്ന് മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടണം.

Leave a Reply

Your email address will not be published.